നഷ്ടസ്വപ്നങ്ങളുടെ ഈണവുമായ് മാഞ്ഞുപോയ പാട്ടുകാരൻ: Music Director Unnikumar

"അഗാധമാം ആഴി വിതുമ്പി

അലകളിലലയായ് തേങ്ങലുയർന്നു...

മൂകസാന്ദ്ര വിഹായസ്സിൽ,

ശോകം ശോണിമ ചാർത്തി"

സ്മാർട്ട് ഫോൺ സിനിമയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറിയ ജലച്ചായത്തിൻറെ സംഗീത സംവിധായകൻ ഉണ്ണികുമാർ ഒരു ഓർയാകുമ്പോൾ ചലച്ചിത്ര ലോകത്തിന് അദ്ദേഹത്തെക്കുറിച്ചോർക്കാൻ അധികമൊന്നും ഉണ്ടാകില്ല.

ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സിനിമയായ ജലച്ചായത്തിൻറെ ക്ളൈമാക്സ് സീൻ 2010 ജൂൺ 6ന് തൃശ്ശൂരിലെ ശ്രീ തിയ്യറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നു. ഒരു ഗാനരംഗമായാണ് ക്ളൈമാക്സ് ആയി ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ ഒരേയൊരു ഗാനം. ഒന്നര മണിക്കൂർ ദൈർഘ്യം വരുന്ന സിനിമ അതോടെ അവസാനിക്കുകയാണ്. ഉണ്ണികുമാറിൻറെ ഇളയച്ഛന്റെ മകനും അന്ന്, സംഗീത സംവിധായകൻ മോഹൻ സിതാരയുടെ തൃശ്ശൂരിലുള്ള സംഗീത അക്കാദമിയിൽ പ്രധാന സംഗീതാദ്ധ്യാപകനുമായ ബാബുരാജ് പുത്തൂരാണ് ഗാനം ആലപിച്ചത്

Music Director Unnikumar
കോട്ടയം പ്രസ്സ് ക്ലബിൽ വെച്ച് പരീക്ഷണ സിനിമയുടെ പ്രദർശനം അനൗൺസ് ചെയ്തുകൊണ്ട് മലയാളസിനിമയുടെ പരീക്ഷണ സിനിമകളുടെ ആചാര്യൻ അന്തരിച്ച സംവിധായകൻ പി. രാമദാസ് സാർ ക്ളൈമാക്സിനെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഇന്നും ഓർമ്മയിലുണ്ട്.  "മെലോഡ്രാമ ഒട്ടും ഫീൽ ചെയ്യാത്ത ചിത്രീകരണവും സംഗീതവും ഇഴചേർന്ന് ഒരു ദൃശ്യവിരുന്ന്" എന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്.

വാക്കുകളെ അക്ഷരം പ്രതി ശരിവെക്കുന്നതായിരുന്നു, തിയ്യറ്ററിൽ ഗാനരംഗം അവസാനിച്ചപ്പോൾ ലഭിച്ച പ്രതികരണം. മിനിറ്റുകളോളം നീണ്ടുനിന്ന നെടുവീർപ്പുകൾ... നീണ്ടുനിന്ന കരഘോഷങ്ങൾ.. അഭിപ്രായം പറഞ്ഞ ഭൂരിഭാഗവും പറഞ്ഞത്, രാമദാസ് സാർ പറഞ്ഞ അതേ വാക്കുകളുടെ മാറ്റൊലികൾ. അത്രക്കും നല്ലൊരു മായജാലമായിരുന്നു സീനിനു വേണ്ടി ഉണ്ണികുമാർ ചിട്ടപ്പെടുത്തിയത്. രംഗത്തിൻറെ വിഷ്വലുകൾക്കുമനുസൃതമായി സിദ്ധാർത്ഥൻ പുറനാട്ടുകര എഴുതിയ വരികൾക്ക് മീതെ അനായാസേന നീങ്ങുന്ന സംഗീതത്തിൻറെ കയ്യൊതുക്കം. അതായിരുന്നു ഞങ്ങൾ, തങ്കപ്പേട്ടൻ എന്നുവിളിക്കുന്ന ഉണ്ണികുമാറിൻറെ  സംഗീതം..!

 പക്ഷെ, കഴിവുകൾ ഏറെയുണ്ടായിട്ടും സ്വന്തം ജീവിതത്തിൻറെ നഷ്ടസ്വപ്നങ്ങൾക്ക് ഈണം നല്കുവാൻ മാത്രം വിധിക്കപ്പെട്ട പലരിൽ ഒരാളായിരുന്നു അന്തരിച്ച സംഗീതജ്ഞൻ ഉണ്ണികുമാർ. കെ. ജെ. യേശുദാസ്, പി. ജയചന്ദ്രൻ, വിദ്യാധരൻ മാഷ്, ചലച്ചിത്ര- സീരിയൽ സംവിധായകൻ ജ്ഞാനശീലൻ, നടൻ സുകുമാരൻ തുടങ്ങി നാടക- ചലച്ചിത്ര മേഖലകളിലെ പ്രശസ്തരായ പലരോടും അടുത്ത ബന്ധം പുലർത്തിയിരുന്നു ഉണ്ണികുമാർ. സംഗീത പാരമ്പര്യമുള്ള വലിയൊരു കുടുംബത്തിൽ ജനിച്ചു.  അച്ഛനും വല്യച്ചന്മാരും ചെറിയച്ഛൻമാരും എല്ലാം സംഗീതവുമായി ബന്ധപ്പെട്ട ആളുകൾ. പ്രശസ്ത നാദസ്വര വിദ്വാൻ പി. ഗോവിന്ദൻകുട്ടി ഉണ്ണികുമാറിൻറെ ചെറിയച്ഛനാണ്.

'Agadhamam Azhi Vithumbi'-
Jalachayam Song Recording
ഉണ്ണികുമാർ എന്ന ഞങ്ങളുടെ തങ്കപ്പേട്ടൻ എൻറെ അയൽവാസി കൂടിയായിരുന്നു. ശങ്കരയ്യ റോഡിൽ പുത്തൂർ വീട്ടിൽ ബാലന്റെയും അമ്മിണിയുടെയും ഏഴ് മക്കളിൽ മൂത്ത മകൻ. എൻറെ വീടിന് മുൻപിൽ തന്നെയായിരുന്നു അദ്ദേഹത്തിൻറെ വീടും. എൻറെ കുട്ടിക്കാലത്ത്, അദ്ദേഹത്തിൻറെ അച്ഛൻ ബാലനും അദ്ദേഹവും ശ്രീ വടക്കുംനാഥൻ ക്ഷേത്രത്തിൽ  'തകിൽ അടിയന്തിര'ത്തിന് പോയിരുന്നത് ഓർമ്മയിലുണ്ട്. പുലർച്ചകളിൽ, അദ്ദേഹത്തിൻറെ വീട്ടിൽ നിന്നുമുയരുന്ന സംഗീത പ്രാക്ടീസുകളിലും മൃദംഗം, ചെണ്ട, ഇടയ്ക്ക തുടങ്ങിയ വാദ്യോപകരണങ്ങളുടെ ധ്വനികളാലും മുഖരിതമായിരുന്നു ഞങ്ങളുടെ പരിസരം. അന്നും ഇന്നും നാട്ടിലെ  എല്ലാവർക്കും അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. വലിയൊരു സംഗീതജ്ഞൻ... പാട്ടുകാരൻ... നാടകത്തിലും സിനിമയിലുമൊക്കെ നല്ല പിടിപ്പാടുള്ള ഒരാൾ. നാട്ടിലെ സപ്തസ്വര നാടക ട്രൂപ്പിൻറെ സംഗീത സംവിധായകൻ... തുടങ്ങി അക്കാലത്തെതൃശ്ശൂരിലെ ഒട്ടുമിക്ക സംഗീത പരിപാടികളിലും തങ്കപ്പേട്ടൻറെ സാന്നിദ്ധ്യമുണ്ടായിരുന്നു.

സദാസമയവും ചുണ്ടിൽ ഒരു പാട്ടോ കീർത്തനമോ ഇല്ലാതെ അക്കാലത്തൊന്നും അദ്ദേഹത്തെ കാണാൻ കഴിയുമായിരുന്നില്ല. 1989- വശ്യമന്ത്രം, ഭഗവതിപുരത്തെ കാണേണ്ട കാഴ്ച്ചകൾ എന്നീ സിനിമകൾക്ക് അദ്ദേഹം സംഗീത സംവിധാനം നിവ്വഹിച്ചുയേശുദാസും ചിത്രയുമാണ് രണ്ടിലും പാടിയത്പക്ഷെ, വിധി അദ്ദേഹത്തെ ചതിക്കുന്ന കാഴ്ച്ചയായിരുന്നു പിന്നീടുണ്ടായത്. അദ്ദേഹത്തിൻറെ സുവർണ്ണ കാലഘട്ടം എന്തോ അദ്ദേഹത്തിന് പ്രയോജനപ്പെടുത്താനായില്ല

BabuRaj Puthur Singing,
Agadhamam Aazhi Vithumbi
കല അതിൻറെ യഥാർത്ഥ തലത്തിൽ നിന്നും വാണിജ്യത്തിൻറെ മുഖാവരണമണിഞ്ഞപ്പോൾ അദ്ദേഹത്തെപ്പോലെ പല നല്ല നല്ല കലാകാരന്മാരും വീണുപോയിരുന്നു. പലരെയും പോലെ അതിജീവനത്തിനായി തങ്കപ്പേട്ടനും പൊരുതി നോക്കി. എങ്കിലും, കലാപരമായും സാമ്പത്തികമായും അദ്ദേഹത്തിന് നിരാശ മാത്രമായിരുന്നു ഫലമായി കിട്ടിയത്..! 

ജലച്ചായത്തിലെ  മായാമാളവഗൗള രാഗത്തിൽ ചിട്ടപ്പെടുത്തിയ ദു:ഖഗാനത്തിലെ വരികൾ പോലെ അദ്ദേഹത്തിൻറെ സംഗീതവും ജീവിതമെന്ന അഗാധമായ ആഴിയിൽ കിടന്ന് വിതുമ്പി... വിതുമ്പി അലിഞ്ഞുപോയിരിക്കുന്നു..!

- സതീഷ് കളത്തിൽ

'അഗാധമാം ആഴി വിതുമ്പി...' യൂട്യൂബിൽ കാണുവാൻ: അഗാധമാം ആഴി വിതുമ്പി...  

Popular posts